സംഭവബഹുലമായ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയതറിഞ്ഞില്ല... എല്ലാം വളരെ പെട്ടന്നായിരുന്നു.. പ്ലസ് ടു കോഴ്സ് കഴിഞ്ഞു... എന്റെ അത്യുജ്വലമായ എന്ട്രന്‍സ് പരീക്ഷ പ്രകടനം കഴിഞ്ഞു റിസള്‍ട്ട് വന്നു... ഞാന്‍ പറഞ്ഞല്ലോ പ്രതീക്ഷിച്ച പോലെ തന്നെ നല്ല ഉഗ്രന്‍ റാങ്ക് കിട്ടി.. "ആയിരത്തി മുന്നൂറ്റി അറുനൂറ്റി മൂന്ന്"( 13603 )... പിന്നൊന്നും ആലോചിക്കാന്‍ നിന്നില്ല... നേരെ ത്രിശുര്‍ക്ക് വെച്ചു പിടിക്കാന്‍ തീരുമാനിച്ചു...
പഴയ തട്ടകത്തിലേക്ക്... പക്ഷെ അവിടെ ഒരു പുതിയ പ്രശ്നം...ഹോസ്റ്റലില്‍ നില്‍കേണ്ടി വരും.. കമ്പനിക്കണേല്‍ ആരും ഇല്ല താനും... എന്ത് ചെയ്യും... അത് വരെ വീട്ടില്‍ നിന്നു വിട്ടു നിന്നിട്ടില്ലേയ്.. കൂടെ ആദ്യ അങ്കത്തിനു ഉണ്ടായിരുന്നവന്മാര്‍ രണ്ടും തരകെടില്ലാത്ത റാങ്കും വാങ്ങി അഡ്മിഷന്‍ നോക്കി ഇരിപ്പാ.. പിന്നെന്തു ചെയ്യാന്‍.. ഒന്നും നോക്കിയില്ല.. രണ്ടും കല്പിച്ചങ്ങോട്ടു തീരുമാനിച്ചു... ഹോസ്റെലെങ്കില്‍ ഹോസ്റ്റല്‍.. ജയില്‍ എങ്കില്‍ ജയില്‍...
അങ്ങനെ എവിടുന്നൊക്കെയോ കടം വാങ്ങിച്ച കാശുമായി അച്ഛന്‍ എന്നെ രണ്ടാമതും PC തോമസ് ക്ലാസ്സെസില്‍ കൊണ്ട് പോയി ചേര്‍ത്തു.. ഇനി ഹോസ്റ്റല്‍ നോക്കണല്ലോ.. അവിടുന്ന് തന്നെ ഹോസ്റെലുകളുടെ ലിസ്റ്റ് കിട്ടി.. കൊറേ എണ്ണം ഉണ്ട്.. പണ്ട് വല്യ ചങ്കൂറ്റത്തോടെ പ്രഖ്യപിച്ചതാണല്ലോ ഒരു വര്‍ഷം കൊച്ചിങ്ങിനു മാത്രമായി പോവാണ്.. എന്നിട്ട് മല മറിക്കും എന്നൊക്കെ. അതോണ്ട് പഠിക്കാതിരിക്കാന്‍ പറ്റില്ലാലോ... അപ്പോള്‍ പിന്നെ അവിടുള്ള ഏറ്റവും നല്ല ഹോസ്റ്റലില്‍ തന്നെ നില്‍ക്കണം..
അവിടുത്തെ ക്വണ്ടാറില്‍ തന്നെ പോയി അന്വോഷിച്ചു.. അവരുടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടില്യന്നു അറിഞ്ഞു..അപ്പോള്‍ അവിടെ ഇരുന്നിരുന്ന ഒരു കൊണാപ്പന്‍ ഇങ്ങനെ മൊഴിഞ്ഞു
"അതില്‍ ആരോന്‍സ് ന്നു പറഞ്ഞ ഒരു ഹോസ്റ്റല്‍ണ്ട്.. ഇവടത്തെ ബസ്റ്റാണ് ...തോമസ് സാര്‍ന്റെ സ്വന്തം ഹോസ്റ്റല്‍ പോലെണ്.. വെറും രണ്ടായിരം ഉറുപ്യ മാത്രേള്ളൂ ഫീസ്.."
സത്യം പറയാലോ ഞാന്‍ അതില്‍ കമിഴ്ന്നടിച്ചു വീണു.. അടുത്ത് തന്നെ ആണ്.. അഞ്ച് മിനിട്ട് നടക്കാനേ ഉള്ളൂ.. പോയി നോക്ക്യപ്പോ വല്യെകൊഴപ്പം ഇല്യാ... രണ്ടായിരം കുറച്ചു കൂടുതലാണ്.. എന്നാലും വേണ്ടില്ല അവിടെ തന്നെ നില്‍കാന്‍ തീരുമാനിച്ചു... അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു ഹോസ്റ്റലില്‍ ചേര്‍ന്നു... സത്യം പറഞ്ഞാല്‍ ഒരു ചെറിയ ജയിലില്‍ ചേര്‍ന്നുന്നു പറയണ്ടി വരും...
അന്ന് തന്നെ ഹോസ്റ്റലില്‍ അഡ്മിഷന്‍ ഒക്കെ എടുത്തു വീട്ടിലേക്കു പോയി.പിന്നേം ഒരാഴ്ച കഴിഞ്ഞു ക്ലാസ്സ് തുടങ്ങി.വീട്ടുകാര്‍ മനസില്ലാ മനസ്സോടെ എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കി. അവിടെ ചെന്നപ്പോള്‍ മൂന്ന് പേരുണ്ട് ഓഫീസില്‍. ഒന്ന് ഞാന്‍ നേരത്തെ പറഞ്ഞ ആ കൊണാപ്പന്‍, പിന്നൊന്ന് ഞാന്‍ അഡ്മിഷന്‍ എടുക്കാന്‍ വന്നപ്പോള്‍ ഹോസ്റ്റല്‍ മാനേജര്‍ ആണെന്ന് പറഞ്ഞു പരിചയപെടുത്തിയ ആള്‍, പിന്നെ കണ്ടാല്‍ പൂത്താംകീരിയെപ്പോലെ ഇരിക്കുന്ന ഒരാള്‍. അവിടെ ചെന്നു പരിചയപെട്ടപ്പോഴാണ് കാര്യങ്ങളുടെ ഒരു കിടപ്പുവശം പിടി കിട്ടിയത്. മാനേജര്‍ എന്ന് പറഞ്ഞ ആള്‍ ആ പൂത്താംകീരിയുടെ മരുമകന്‍ ആണ്, മറ്റേ ആള്‍ അയാളുടെ മോനും. വെറുതെ അല്ല അയാള്‍ ഈ ഹോസ്റ്റല്‍ വല്യ സംഭവം ആണെന്ന് പറഞ്ഞത്.. എന്തായാലും എന്നെ അവിടെ ആക്കി അച്ഛനും അമ്മയും തിരിച്ചു പോയി. ആ പൂത്താംകീരി ആണത്രേ ഹോസ്റ്റല്‍ വാര്‍ഡന്‍. അയാളുടെ മോനും മരുമകനും പാര്ട്ടനെര്സും.എനിക്ക് എന്‍റെ റൂം കാണിച്ചു തന്നു.അവിടെ ചെന്നപ്പോള്‍ ഒരു റൂമില്‍ 5 ആള്‍ക്കാര്‍.. 5 കട്ടില്‍ ഇട്ടപ്പോള്‍ പിന്നെ വേറൊന്നിനും സ്ഥലം ഇല്ല.. റൂമില്‍ ബാക്കി എല്ലാരും നേരത്തെ എത്തിയിട്ടുണ്ട്.ഞാന്‍ നോക്കുമ്പോള്‍ എല്ലാരും ഓരോ പുസ്തകം ഒക്കെ നിവര്‍ത്തി പിടിച്ചു ഭയങ്കര പഠനം. ആര്‍ക്കും പരിചയപ്പെടാന്‍ പോലും സമയം ഇല്ല. വാര്‍ഡന്‍ പറഞ്ഞ നിബന്ധനകള്‍ കേട്ട് എന്‍റെ കണ്ണ് തള്ളി പോയി. എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് എണീറ്റ് പഠിക്കണം. രാത്രി 12 മണി വരെയും പഠനം തന്നെ.. പിന്നെ റൂമില്‍ വന്നാല്‍ ഫുള്‍ സൈലന്റ് ആയിരിക്കണം അങ്ങനെ പോകുന്നു. അപ്പോഴാണ് ആരും ഒന്നും മിണ്ടാതിരിക്കുനതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്. അത് വരെ രാത്രി മൂത്രം ഒഴിക്കാന്‍ എണീകുമ്പോള്‍ അല്ലാതെ 5 മണി കാണാത്ത ഞാന്‍ ആ സമയത്ത് എണീറ്റ് പഠിക്കണം പോലും.. പോട്ടെ സഹിക്കാം.. 12 മണി വരെ ഉറങ്ങാന്‍ പാടില്ല.. അത് നടക്കുന്ന കാര്യം അല്ല. എല്ലാം പോട്ടെ ഒന്നും മിണ്ടാതെ എങ്ങനെ ഇരിക്കും. കൊള്ളാം എന്‍റെ കാശും വാങ്ങി എന്നെ ജയിലില്‍ ഇട്ടിരിക്കുന്ന പോലെ.. അപ്പോള്‍ തന്നെ രണ്ടു സിന്ധബാദ് വിളിച്ചു സമരം തുടങ്ങിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ വിചാരിച്ചു എന്‍റെ നല്ല ഭാവിക്ക് വേണ്ടി അല്ലെ.. സഹിക്കാം..
പിന്നെ കുറച്ചു കഴിഞ്ഞു എനിക്ക് ഒരു പ്ലേറ്റും ഗ്ലാസും കിട്ടി. ഫുഡ് അടിക്കാന്‍ ടൈം ആയതായി അറിയിച്ചു കൊണ്ട് പൂത്താംകീരിയുടെ അറിയിപ്പ് വന്നു. എല്ലാരും സൈലന്റ് ആയി അവരവരുടെ ഗ്ലാസും പലതും എടുത്തു പോയി ഫുഡ് വാങ്ങിക്കുക, ഒന്നും മിണ്ടാതെ സ്വന്തം സ്ഥലത്ത് പോയി കഴിക്കുക, പോയി വീണ്ടും പഠിക്കുക.. എന്തോന്ന് പഠിക്കാന്‍.. ക്ലാസ് പോലും തുടങ്ങിയില്ല.. അതിനു മുമ്പാണ്. ഒന്ന് പോ കിഴവാ.. ആദ്യ ദിവസം അല്ലെ നല്ല ഫുഡ് ആണെന്നൊക്കെ പറയുന്നു.. എനിക്കാണേല്‍ ആദ്യായി വീട്ടില്‍ നിന്നു മാറി നില്കുന്നതിന്റെ വിഷമം കൊണ്ട് ഒന്നും കഴിക്കാന്‍ വേണ്ടാ.. ഒരു പെരിനെന്തോകെയോ കഴിച്ചെന്നു വരുത്തി ഞാന്‍ റൂമില്‍ തിരിച്ചെത്തി.ഇതിനിടയില്‍ ഞാന്‍ അത്യാവശ്യം ആള്‍കാരെ ഒക്കെ പരിചയ പെട്ടിരുന്നു. ഫുഡ് അടിച്ചു കഴിഞ്ഞപ്പോഴേക്കു പൂത്താംകീരിയുടെ അടുത്ത ഓഫര്‍ വന്നു.
"ഇന്ന് ആദ്യത്തെ ദിവസം ആയതു കൊണ്ട് എല്ലാര്ക്കും നേരത്തെ ഉറങ്ങാം.. പക്ഷെ രാവിലെ നേരത്തെ എണീക്കണം. അതിനു മാറ്റം ഒന്നും ഇല്ല."
പിന്നെ അയാളുടെ ഒരു ഔദാര്യം. എന്തായാലും വണ്ടില്ല.. ഇത് കേള്‍കേണ്ട താമസം ഞാന്‍ ബെഡില്‍ കേറി കിടപ്പായി. എല്ലാരും വേഗം ഉറങ്ങാനുള്ള പരിപാടികള്‍ നോക്കി. അങ്ങനെ ഹോസ്റെലിലെ ആദ്യ ദിവസം കഴിഞ്ഞു.
രാവിലെ എന്ട്രന്സിനു ഫസ്റ്റ് റാങ്കും കിട്ടുന്നതും സ്വപ്നം കണ്ടു കിടന്നെ എന്നെ ആരോ കുലുക്കി വിളിക്കുന്നു.. ഞാന്‍ ചാടി എണീറ്റു.. നോക്കുമ്പോള്‍ മുന്നില്‍ ഉണ്ടകണ്ണും തുറിച്ചു കൊണ്ട് പൂത്താംകീരി. എണീറ്റ് പഠിക്കാന്‍.. ഞാന്‍ മുഖം പോലും കഴുകാന്‍ നില്‍കാതെ നേരെ ഏതോ ഒരു പുസ്തകവും എടുത്തു കസേരയില്‍ പോയി ഇരുന്നു. അയാള്‍ അടുത്ത മുറിയിലേക്ക് പോയി.. എപ്പോഴന്നു അറിയില്ല പിന്നെ ഒരു വൃത്തി കേട്ട അലര്‍ച്ച കേട്ട് ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ കസേരയില്‍ ഇരുന്നു പഠിച്ചു കൊണ്ടിരുന്ന ഞാന്‍ പുതച്ചു മൂടി ബെഡില്‍ കിടക്കുന്നു.. അയാള്‍ എന്നെ ഉണര്‍ത്താന്‍ വേണ്ടി വിളിച്ചതായിരുന്നു ഞാന്‍ ആദ്യം കേട്ട അലര്‍ച്ച... നേരം വെളിച്ചവുമ്പോള്‍ തന്നെ അയാള്‍ എന്തൊകെയോ ചീത്തേം വിളിച്ചിട്ട് പോയി.. "ദൈവമേ ഇന്നത്തെ ദിവസം പോക്കാണല്ലോ. ഉണ്ടകണ്ണുകള്‍ കണി കണ്ടാല്‍ എന്താണാവോ ഫലം." ഞാന്‍ മനസ്സില്‍ വിചാരിച്ചു.. അത് മനസിലാക്കാന്‍ എനിക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല..
രാവിലെത്തെ നല്ല അലമ്പ് ഫുഡ് ആയിരുന്നു. അപ്പം എന്ന് പറഞ്ഞ സാധനം രണ്ടു ദിവസം മുമ്പത്തെ ആണെന്ന് തോന്നുന്നു.നല്ല പുളി ആയിരുന്നു.എന്തായാലും കിട്ടീതും വിഴുങ്ങി ഞങ്ങള്‍ ഒരു ജാഥയായി ആദ്യ ദിവസത്തെ ക്ലാസിനു പുറപെട്ടു. പുതുതായി വാങ്ങിയ നല്ല തിളങ്ങുന്ന ഒരു ടി-ഷര്‍ട്ട് ആണ് എന്‍റെ വേഷം. രാവിലെ ചെല്ലുമ്പോള്‍ തന്നെ പഴയപോലെ ഏത് ക്ലാസ്സ് ഏത് ബെഞ്ച് തുടങ്ങിയ ഒരു ലിസ്റ്റ് കിട്ടി.എന്‍റെ മഹാഭാഗ്യം എന്ന് പറയട്ടെ ഇത്തവണ ഞാന്‍ ഫസ്റ്റ് ബെഞ്ചില്‍ ആണ്. കൂടെ ഉള്ളത് എന്‍റെ ഹോസ്റ്റലില്‍ തന്നെ ഉള്ള മുഹ്സിന്‍..അപ്പോള്‍ കമ്പനി ആയി.എന്തായാലും ഞങ്ങള്‍ ക്ലാസ് റൂമിലേക്ക് ചെന്നു. മുഹ്സിന്‍ ആദ്യം ക്ലാസ്സിലേക്ക് കയറി. പുറകെ സകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ചു കൊണ്ട് ഞാന്‍ വലതു കാലെടുത്തു ക്ലാസ്സിലേക്ക് വെച്ചു "ദൈവമേ എല്ലാം ഉജ്വലമാക്കി തരണേ"
പക്ഷെ എനിക്ക് മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. ആരോ പുറകില്‍ നിന്നു പിടിച്ചു വലിക്കുന്ന പോലെ. ഞാന്‍ പതുക്കെ തല തിരിച്ചു. ആരാട അത് എന്ന മട്ടില്‍.. സത്യമായും ആ മുഖം കണ്ട ഞാന്‍ ചൂളി പോയി. പല്ല് കടിച്ചു ദേഷ്യം വന്നു ചുവന്നു തുടുത്ത് ഒരു കഷണ്ടി എന്‍റെ ഷര്‍ട്ട് കുത്തി പിടിച്ചിരിക്കുന്നു.
"എന്തൂട്ട് വേഷാട കന്നാലി ഇത്. ഇതെന്താ ചന്തേ."
എനിക്കൊന്നും മനസിലായില്ല. ദൈവമേ എന്‍റെ വേഷത്തിനു ഇപ്പൊ എന്താ പ്രശ്നം. ഞാന്‍ പറ്റാവുന്ന രീതിയില്‍ എന്‍റെ ഷര്‍ട്ടും പാന്റും നോക്കി. കുഴപ്പം ഒന്നും ഇല്ല.. സിപ് ഇട്ടിട്ടുണ്ട്. പിന്നെന്തു പ്രോബ്ലം. ഞാന്‍ നിഷ്കളങ്കനായി അയാളുടെ മുഖത്തോട്ട് നോക്കി. " പുതിയതാ സാര്‍"
അയാളുടെ മുഖം വീണ്ടും ചുവന്നു. എന്നെ തല്ലുമോ എന്ന് വരെ എനിക്ക് തോന്നി.
"നീയെന്താ ആളെ കളിയാക്കാ... ഇമ്മാതിരി വേഷം കെട്ടൊന്നും ഇവടെ പറ്റില്യ. ഇത് ഞങ്ങള്‍ കക്കൂസില്‍ ഇടണ വേഷാ. "
ദൈവമേ ഇവടെ അങ്ങേനും ഉണ്ടോ കക്കൂസില്‍ പുതിയ ഡ്രസ്സ് ഇടണോ.എനിക്ക് കാര്യം പിടികിട്ടിയില്ല. കാശു കൊടുത്തു പുതിയ ഡ്രസ്സ് വാങ്ങി ഇട്ടു വന്നിട്ട് അത് കക്കൂസില്‍ ഇടനുള്ളതാണെന്ന് പറഞ്ഞാല്‍. പണ്ട് സാമൂഹിക പാഠത്തില്‍ പഠിച്ച വരികള്‍ ആണ് എനിക്ക് ഓര്‍മ വന്നത്.ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം ആണ്. ആളുകള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. എനിക്ക് നാല് ഡയലോഗ് കാച്ചണം എന്നുണ്ടായിരുന്നു.പിന്നെ അവര്‍ പോകാന്‍ പറഞ്ഞാല്‍ പോകണമല്ലോ. അതോണ്ട് മാത്രം ഞാന്‍ ഒന്നും മിണ്ടിയില്യ.
ഇതിനിടയില്‍ ക്ലാസ്സിലെ എല്ലാവരുടെയും ശ്രദ്ധ എന്‍റെ നേരെ തിരിഞ്ഞിരുന്നു. എന്തായാലും ആദ്യ ദിവസം തന്നെ ഞാനങ്ങോട്ടു ഫേമസ് ആയി.. "ആദ്യമായി തെറി വാങ്ങിയവന്‍."
"തന്റെ പേരെന്താ"
"ബിനു"
"എന്നാല്‍ ബിനു ഇപ്പൊ ക്ലാസില്‍ കേറണ്ട. മര്യാദക്ക് നല്ല വേഷം ഇട്ടിട്ടു വന്നാല്‍ മതി. കോളര്‍ ഇല്ല്യാത്ത ബനിയന്‍ ഇവിടെ പാടില്യ. ഇനി ആരേലും ഇമ്മാതിരി വേഷം കെട്ടി വന്നാല്‍ പിന്നെ ഇവിടെ പഠിക്കില്യ"
ഓഹോ.. അപ്പോള്‍ അതാണ് കാര്യം. കോളര്‍ ഇല്ലാത്ത ബനിയന്‍. "സര്‍ ഇത് ബനിയന്‍ അല്ല. ദിസ് ഈസ് ടി ഷര്‍ട്ട്" എന്ന് പറയണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ പേടി കൊണ്ടായിരിക്കും ഞാന്‍ പറഞ്ഞില്ല.
രാവിലെ കണി കണ്ട പൂത്താംകീരിയെ തെറി വിളിച്ചു ഒന്നും മിണ്ടാതെ മുന്നോട്ടു വെച്ച വലതു കാല്‍ പുറകോട്ടു വെച്ചു ഞാന്‍ തിരിഞ്ഞു നടന്നു. ആഹ വീണ്ടും അടുത്ത സ്ഥാനം."ക്ലാസ്സില്‍ നിന്നും ആദ്യമായി പുറത്താക്കപെട്ടവന്‍"
അങ്ങനെ ആദ്യ ദിനം "അത്യുജ്വലമായി"
എന്തായാലും ആദ്യ ദിവസം തന്നെ ഹതാശനായി നിരാശനായി ഞാന്‍ മടങ്ങി. എന്തായാലും പിന്നെ കുറച്ചു ദിവസങ്ങള്‍ വല്യ കൊഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞു പോയി. പക്ഷെ എനിക്ക് പെട്ടന്ന് മടുത്തു ആ പരിപാടി. ജയിലിലെ പോലെ ഉള്ള ജീവിതവും വളരെ നന്നല്ലാത്ത ഫുഡും എല്ലാം കൂടെ മടുത്തു. സത്യം പറഞ്ഞാല്‍ വീട്ടില്‍ അമ്മ ഉണ്ടാക്കാറുള്ള ഭക്ഷണത്തിന്റെ വില ശരിക്കും മനസിലാക്കി. ഫുഡ് നന്നല്ല എന്ന് പറഞ്ഞു അമ്മയെ ചീത്ത പറഞ്ഞ പാപം എല്ലാം ആ ഫുഡ് കഴിച്ചതോടെ തീര്‍ന്നു.. എങ്ങനേലും അവിടുന്ന് രക്ഷപെട്ടാല്‍ മതി എന്നായി.ഏതെങ്കിലും എഞ്ചിനീയറിംഗ് കോളേജില്‍ ഏതെങ്കിലും ബ്രാഞ്ച് കിട്ട്യാലും വേണ്ടില്ല ഇവിടുന്നു രക്ഷപെട്ടാല്‍ മതി എന്നായിരുന്നു മനസ്സില്‍. ബട്ട് ഇന്നത്തെ പോലല്ലല്ലോ കാര്യങ്ങള്‍ അന്ന്. എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം കുറവായിരുന്നു. പിന്നെ വളരെ നല്ല റാങ്കും ആണല്ലോ. അതോണ്ട് എവിടേം കിട്ടില്യ. പിന്നെ എന്തായാലും നനഞ്ഞു, ഇനി കുളിച്ചു തന്നെ കയറിയേക്കാം എന്ന് തീരുമാനിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ അവിടുത്തെ സെറ്റ് അപ്പുമായി പോരുത്തപെട്ടു. പക്ഷെ ഹോസ്റ്റലില്‍ അഡ്ജസ്റ്റ് ചെയ്തു പോകാന്‍ പാടായിരുന്നു. എന്നും ഫുഡിന്റെ പേരില്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ ഓരോരോ പ്രോബ്ലെംസ്.. എന്നാല്‍ പെട്ടന്ന് ഹോസ്റ്റല്‍ മാറുക എന്നത് ബുദ്ധിമുട്ട് ആയിരുന്നു.
അങ്ങനെ നടക്കുമ്പോഴാണ് ഒരു ദിവസം എന്‍റെ കൂടെ പ്ലസ് ടുവിന് പഠിച്ച ജിന്സറിനെ വഴിയില്‍ വെച്ചു കാണുന്നത്. അവന്‍ നില്‍ക്കുന്ന ഹോസ്റ്റലില്‍ ഒഴിവുണ്ട്. പോരാത്തതിനു എന്‍റെ കൂടെ സ്കൂളില്‍ പഠിച്ച കൊറേ ആള്‍ക്കാര്‍ ഉണ്ട് അവിടെ. നല്ല ഫുഡും ആണ്, കാശും കുറവാണ്.പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല വീട്ടില്‍ വിളിച്ചു കാര്യം പറഞ്ഞു. അടുത്ത ആഴ്ച തന്നെ ഹോസ്റ്റല്‍ മാറി. അത് പുതിയ ഒരു ലോകം ആയിരുന്നു. ഹോസ്റെലിന്റെ പേര് പറഞ്ഞില്ലാലോ.
MIT ബോയ്സ് ഹോസ്റ്റല്‍. അത് ഒരു മുസ്ലിം സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ഉള്ള ഹോസ്റ്റല്‍ ആയിരുന്നു.പക്ഷെ ഏല്ലാര്‍ക്കും അഡ്മിഷന്‍ കിട്ടും. അത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. വേണേല്‍ പഠിക്കാം, വേണേല്‍ കളിക്കാം. എനിക്ക് പറ്റിയ ഒരു ideal പ്ലേസ് ആയിരുന്നു.. എല്ലാരും നല്ല സൌഹൃദത്തില്‍ ആയിരുന്നു.പിന്നെ പരിചയം ഉള്ള കൊറേ ആള്‍ക്കാര്‍, നല്ല ഭക്ഷണം എല്ലാം കൊണ്ടും ഒരു നല്ല സ്ഥലം. പോരാത്തതിനു ഒരു പാട് നേരം പോക്കുകളും ഉണ്ടായിരുന്നു.
ഒരു വര്‍ഷം ഈ ഒരു പരിപാടിക്ക് മാത്രമായി ചെലവക്കുന്നതിന്റെ ടെന്‍ഷന്‍ ശരിക്കും ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കളിക്കാനൊന്നും പോയില്ല. അത്യാവശ്യം നന്നായി പഠിച്ചു. ഹോസ്റെലിലെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഒരു ചെറിയ ഐഡിയ ഒക്കെ കിട്ടിയത് എവിടെ വെച്ചായിരുന്നു.കൊറേ നല്ല സുഹൃത്തുകളേയും കിട്ടി. ആ ഒരു വര്‍ഷവും പെട്ടന്ന് കടന്നു പോയി. എന്ട്രന്‍സ് പരീക്ഷ ഒക്കെ പെട്ടന്ന് കഴിഞ്ഞു. മോശമല്ലാത്ത ഒരു റാങ്കും കിട്ടി. അങ്ങനെ പീടിയെകലാത്ര കുഞ്ഞുകുട്ടന്‍ നായരുടെ മകന്‍ ബിനു എന്ന ഈ ഞാന്‍ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ എത്തി...
ബാക്കി വിശേഷങ്ങളുമായി അധികം വൈകാതെ വീണ്ടും പാര്‍ക്കലാം...
This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!
ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..
vegam padichu thodangu..
ReplyDeleteninte thani koothara swabhavam naatu kaarum onnu ariyatte...
veendum paarkkalam ennu paranhatu........engane ennu vyaktamakkanam
ReplyDeleteThis comment has been removed by the author.
ReplyDeletemone naire... nee kootharayannu vechu ellarum angane avanam ennundo....
ReplyDeleteaduthath vegam poratte........
ReplyDelete