This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!


ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..

12 December 2010

അയലത്തെ സുന്ദരി

      സുന്ദരികളായ തരുണീമണികള്‍ ഇങ്ങനെ മുന്നില്ലോടെ പോകുമ്പോ ആരും നോക്കി പോവും...ഇല്ലേ.... ആ സുന്ദരമായ കലയെ ഏത് മഹാപാപി ആണവോ വായിനോട്ടം എന്ന് വിളിച്ചത്. എന്തായാലും വായ്നോക്കികളായ കൊറേ സുഹൃത്തുകളുടെ അനുഭവം കണ്ടിട്ടുള്ളത് കൊണ്ട് പറയാണ് നോക്കിയും കണ്ടും അല്ലെങ്കില്‍ ചിലപ്പോ നല്ല പണി കിട്ടും..
ഞാനിതൊക്കെ പറഞ്ഞു എന്ന് വെച്ചു ഞാനൊരു പേരെടുത്ത വായ്നോക്കി ആണെന്നും വായ്നോട്ടം അധികമായിട്ടു എനിക്ക് എവിടുന്നേലും ഇടി കിട്ടി എന്നോ നിങ്ങള്‍ ആരും വിചാരിക്കരുത്... ഞാന്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്ന പോലെ ഒരു മാന്യന്‍ ആണല്ലോ.. അതോണ്ട് മാന്യമായ വായ്നോട്ടം മാത്രമേ ഉള്ളൂ(മാന്യകളെ മാത്രമേ നോക്കാറുള്ളൂ).. ഈ കഥ നടക്കുന്നത് ഞാന്‍ പ്രൊഫെഷണല്‍ വായ്നോട്ടം തുടങ്ങുന്നതിനു മുന്‍പാണ്. ഇത് നടക്കുന്ന കാലത്ത് ആകെ സ്കൂളിലും നാട്ടില്‍ അവിടേം ഇവിടേം കാണുന്ന പെമ്പിള്ളാരെയും പിന്നെ എന്ട്രന്‍സ് കോച്ചിംഗ് കലാപരിപാടി നടക്കുന്ന കാലത്ത് തൃശൂര്‍ റൌണ്ടില്‍ തെണ്ടിനടക്കുമ്പോള്‍ കാണുന്ന ക്ടാവ്കളെയും മാത്രം വയ്നോക്കിയിട്ടുള്ളതാണ് ആകെ ഈ മേഖലയില്‍ പറയാനുള്ള എക്സ്പീരിയന്‍സ്.. അതും നാട്ടിലെ വായ്നോട്ടം എന്ന് പറഞ്ഞാലേ അതൊരു റിസ്ക്‌ ഏര്‍പ്പാട് ആയിരുന്നു. കാരണം "നായരേ  ങ്ങള്‍ടെ ചെക്കന്റെ സ്വഭാവം അത്ര ശര്യല്ലട്ടോ. ഒന്ന് സൂക്ഷിച്ചോളൂ. ഇന്നലെ ആ സ്കൂളില്‍ പോണ വഴിക്കേ പെണ്ണുങ്ങളെ നോക്കി നിക്കണ്ടാര്‍ന്നു" എന്നെങ്ങാനും എന്‍റെ നാട്ടിലെ ഏതെങ്കിലും സല്‍സ്വഭാവിയായ കാരണവര് പോയി അച്ഛനോട് പറഞ്ഞാ മതി അന്ന് തീരും എല്ലാം. എന്‍റെ നാട്ടുകാരായോണ്ട് പറയല്ലട്ടോ വളരെ നല്ല ആള്‍ക്കാരാ. പരദുഷണം എന്താണ് കേട്ടിട്ട് പോലും ഉണ്ടാവില്ല. പോരാത്തതിനു അന്നൊക്കെ പെണ്ണുങ്ങളെ നോക്കന്നു പറഞ്ഞ എന്തോ വല്യ പാതകം ചെയ്തപോലെയെ നാട്ടുകാര് കരുതൂ. പിന്നെ അച്ഛനും അമ്മക്കും സല്‍സ്വഭാവിയായ മകനെ പറ്റി വേണ്ടാത്തത് കേള്‍പ്പികണ്ടല്ലോ എന്ന് വിചാരിച്ചു ഈ കലാപരിപാടി ഞാന്‍ വളരെ ചെറിയ തോതിലോക്കെയെ നടത്തിയിരുന്നുള്ളൂ.  

       എന്തായാലും ഈ കഥ നടക്കുന്നത് എന്‍റെ നാട്ടിലല്ല..... ഇത് നടക്കുന്നത് കുറെ തെണ്ടികളും പിന്നെ എന്നെ പോലെ കുറെ നല്ല മനുഷ്യരും താമസിച്ചു കൊണ്ടിരിക്കുന്ന പ്രൈവറ്റ്ബസ്‌  ഭീകരന്മാര്‍ അരങ്ങു തകര്‍ക്കുന്ന കൊച്ചിയില്‍... പിന്നെ ഇത് ഞാന്‍ ആദ്യമായി കൊച്ചി കാണാന്‍ വന്ന കഥയാണ്‌.. കയ്യിലിരുപ്പിന് തല്ലു കിട്ടാതെ രക്ഷപെട്ട കഥ..
     ഈ പാവം ഞാന്‍ കേരള എന്ട്രന്‍സ് എക്സാം കഴിഞ്ഞിരിക്കുന്ന കാലം... വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എന്ട്രന്‍സ് പരീക്ഷ എഴുതിയാല്‍ എന്താന്ന് ഒരാഗ്രഹം.. പരീക്ഷ കേന്ദ്രം കൊച്ചിയില്‍.. ഏതോ ഒരു നേവി സ്കൂള്‍.. പരീക്ഷക്ക്‌ പോകാന്നു വച്ചാല്‍ ഒരു ചെറിയ പ്രശ്നം.. അത് വരെ എന്‍റെ വീട്ടില്‍ നിന്നു ആരും കൊച്ചിക്ക്‌ പോയിട്ടില്ല..മാത്രല്ല കൊച്ചി മഹാ അലമ്പ് സ്ഥലാന്നു വീടുകാര്‍ കേട്ടിടുണ്ട്..ഞാന്‍ ഭയങ്കര ധൈര്യശാലി ആണല്ലോ.. അതോണ്ട് ഞാന്‍ തനിച്ചു പോക്കോളം എന്ന് പ്രഖ്യാപിച്ചു..ഒറ്റയ്ക്ക് എന്നെ പറഞ്ഞയക്കാന്‍ വീട്ടുകാര്‍ക്ക് ധൈര്യമില്ല.. നാട്ടിലാണെങ്കില്‍ ഞങ്ങളുടെ പരിചയത്തില്‍ കൊച്ചി കണ്ടവരാരും ഇല്ല താനും.. പിന്നെന്തു ചെയ്യും.. വീട്ടിലും നാട്ടിലും ഇത് ഒരു വല്യ ചര്‍ച്ച വിഷയമായി മാറി.. നാട്ടുകാരും അച്ഛനും അമ്മയും അമ്മാവനും എല്ലാരും കൂടെ വല്യേ മീറ്റിംഗ് ഒക്കെ നടത്തി അവസാനം ഒരു തീരുമാനത്തില്‍ എത്തി...
          " സത്യനെ പറഞ്ഞു വിടാം കുട്ടന്റെ കൂടെ " ....
ഈ കുട്ടന്‍ ഞാന്‍ തന്നെയാണുട്ടോ. എന്നെ വീട്ടിലും നാട്ടിലും വിളിക്കണ പേരാ. എന്‍റെ മേമയുടെ മോന്‍ ആണ് ഈ പറഞ്ഞ സത്യന്‍ ( അമ്മേടെ അനിയത്തിടെ മോന്‍) .. അല്ല ഇത് കൊള്ളാലോ. ഇതെന്തേ എനിക്ക് നേരത്തെ തോന്നീല്യ.. സത്യേട്ടന്‍ എന്നേക്കാള്‍ 5 വയസ്സിനു മൂത്തതാണ്.. എന്നാലും ആള്‍ അത്യാവശ്യം എല്ലാ തരികിടകളും ഉള്ള എനിക്ക് പറ്റിയ കമ്പനി ആണ്... ഞങ്ങള് രണ്ടാളും കൂടെ പണ്ട് പല ഉടായിപ്പ് പരിപാടികളും നടത്തീട്ടുണ്ടേ.. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.. ഏട്ടനും അന്ന് പഠിച്ചു കൊണ്ടിരിക്കുന്ന കാലം ആയിരുന്നു.. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടെ കൊച്ചി കാണാന്‍ പോവാനുള്ള തീരുമാനം ആയി..
       പോകുന്നതിനു മുന്നോടിയായി ഏട്ടനെ വീട്ടിലേക്കു വിളിച്ചു വരുത്തി... അച്ഛനും അമ്മയും അമ്മാവനും എല്ലാരും കൂടെ കൊറേ ഉപദേശങ്ങള്‍.. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അതിനു പോകരുത്, ഇതിനു പോകരുത് അങ്ങനെ അങ്ങനെ.. ഞാന്‍ കുട്ടിയല്ലേ.. അതോണ്ട് എല്ലാ ഉപദേശങ്ങളും പാവം ഏട്ടന്. പോകുക , പരീക്ഷ എഴുതുക, എവിടെയും തിരിഞ്ഞു കളിക്കാതെ തിരിച്ചു പോരുക.. പോയിട്ടെന്ന്തൊക്കെ ചെയ്യണം എന്ന് വല്യ ഒരു ചാര്‍ട്ട് തന്നെ ഉണ്ട്.. തലേ ദിവസം തന്നെ പോയി അവിടെ ഒരു റൂം എടുക്കണം. പരീക്ഷ സെന്റര്‍ കണ്ടു പിടിക്കണം അങ്ങനെ അങ്ങനെ..
    എന്തായാലും ഞങ്ങള്‍ രണ്ടാളും കൂടെ തലേ ദിവസം രാവിലെ തന്നെ നാട്ടില്‍ നിന്നു പുറപ്പെട്ടു. നേരിട്ട് തൃശൂര്‍‍ക്കുള്ള ബസിനു കയറി. തൃശൂര്‍ പിന്നെ നമ്മടെ സ്വന്തം സ്ഥലം ആണല്ലോ..ഒരു ഉച്ചഉച്ചരയോടടുപ്പിച്ചു തൃശൂര്‍ എത്തി.അവിടുന്ന് ഉച്ചക്കുള്ള ഫുഡും അടിച്ചു നേരെ എറണാംകുളം ബസ്‌ പിടിച്ചു. നേരെ ബസ്‌ ഇറങ്ങി അവിടെ കണ്ട ഒരു ഓട്ടോ വിളിച്ചു.
"നിങ്ങ എവടെ പോവാനാണ്?" ഓട്ടോക്കാരന്‍
"ഞങ്ങള്‍ക്ക് ഒരു ലോഡ്ജില്‍ പോവണം.ഇവിടെ ഒരു പരീക്ഷ ഉണ്ട് നാളെ"
"എങ്ങനത്തെ ലോഡ്ജാണ് നിങ്ങാക്ക് വേണ്ടത് , ac വേണാ"
"ഹേയ്.. ഞങള്‍ ആ ടൈപ്പ് അല്ല. ac ഒന്നും വേണ്ട" ഏട്ടന്‍..
"ശരി , കേറിക്കോ. "

അയാള്‍ നേരെ വണ്ടി എടുത്തു കറങ്ങാന്‍ തുടങ്ങി. ഇടക്ക് ഒന്ന് രണ്ടു ലോഡ്ജ് കണ്ടിട്ടും വണ്ടി നിര്‍ത്തിയില്ല.. അവസാനം ഒരഞ്ചാറു കിലോമീറ്റര്‍ ചെന്നു ഒരു ലോഡ്ജ് പോലുള്ള സ്ഥലത്ത് നിര്‍ത്തി.. "സ്റ്റാര്‍ ലോഡ്ജ്"..
കണ്ടാല്‍ ഒരു ചെറിയ ചെറിയ സെറ്റ് അപ്പ്‌..  റൂം ഒക്കെ നോക്കിയപ്പോ വല്യേ കുഴപ്പമില്ല. എന്നാലും എന്തോ എവിടെയോ ഒരു അവലക്ഷണം..പിന്നെ അധികം ഒന്നും തിരഞ്ഞു നടക്കാന്‍ വയ്യതോണ്ട് ഞങ്ങള്‍ അവിടെ തന്നെ മുറിയെടുക്കാന്‍ തീരുമാനിച്ചു.താഴത്തെ നിലയില്‍ ഒരു അറ്റത്തുള്ള മുറിയാണ് ഞങ്ങള്‍ എടുത്തത്‌..

റൂമിലെത്തിയ എന്നോട് പഠിക്കാന്‍ പറഞ്ഞിട്ട്  ഒന്ന് കറങ്ങീട്ടു വരാം എന്ന് പറഞ്ഞു ഏട്ടന്‍ പുറത്തിറങ്ങി. ഞാന്‍ കാര്യയിട്ട് പുസ്തകം ഒക്കെ എടുത്തു പഠനം തുടങ്ങി- ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ നാന. പുറത്തു പോയ ഏട്ടന്‍ പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചു വന്നു. എന്നിട്ട് വാതില്‍ തുറന്നിട്ട്‌ പുറത്തേക്കു നോക്കിഇരിപ്പായി. കഠിനമായ പഠനത്തിനു ഭംഗം വന്ന നോം ഏട്ടനോട് " എന്താ പറ്റ്യേ?"

ഞാനും പുറകെ പോയി പുറത്തേക്കു നോക്കി. അപ്പോഴല്ലേ ഒന്ന് മിണ്ടാതെ കണ്ണ് ചിമ്മാതെ ഏട്ടന്‍ നോക്കി ഇരിക്കുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത് ...
അവിടെ ഒരു പെണ്ണ് .. അങ്ങനെ പറഞ്ഞാല്‍ പോര... വെളുത്തു തുടുത്ത് വെള്ളരിക്കെടെ നിറവും സുന്ദരമായ നയനങ്ങളും പിന്നെ എന്തൊക്കെ വേണോ അതൊക്കെ ഉള്ള ഒരു സുന്ദരി(ചരക്ക് എന്നാവും കുറച്ചു കൂടെ നല്ലത്...) . നേരെ മുന്നില്‍ ഉള്ള റൂം ഒരു വീട് പോലെയാണ്.വെപ്പും തീറ്റയും കുടിയും എല്ലാം അതിനകത്താണ് .. ഞങ്ങള്‍ വാതിലും തുറന്നിട്ട്‌ ഒരു ഭാഗത്തൂടെ ഒളിച്ചിരുന്ന് നോക്കി കൊണ്ടിരിക്കാന്..അവള്‍ ഇടയ്ക്കു പുറത്തേക്കു വരും.. അതിനു വേണ്ടി മഴ കാത്തു കഴിയുന്ന ഏതോ ഒരു പക്ഷിയെപ്പോലെ ഞങ്ങള്‍ നോക്കി കൊണ്ടിരുന്നു.. കുറെ നേരത്തെ പരീക്ഷണ നിരീക്ഷണത്തിന് ശേഷം ഏട്ടന്‍ പ്രഖ്യാപിച്ചു.
" അവര് ഹിന്ദിക്കാരാ.. മുഴുവന്‍ ഫാമിലിം ഉണ്ട്. അവള് ചപ്പാത്തി ഉണ്ടാക്കാനുള്ള ശ്രമത്തിലാ"
"പ്രണയത്തിനു കണ്ണും മൂക്കും ഇല്ല ഏട്ടാ.. ഭാഷയുടെ അതിര്‍ വരമ്പുകള്‍ എനിക്കൊരു പ്രശ്നമല്ല.. ഐ അം ഇന്‍ ലവ് ഏട്ടാ ഐ അം ഇന്‍ ലവ്..."
പാവം ഏട്ടന്‍ എന്തൊക്കെ കേള്‍ക്കണം...
"പോയിരുന്നു പഠിക്കെടാ"
അവള്‍ പുറത്തേക്കു വരുന്നതും നോക്കി ഇരുന്നു കണ്ണ് കഴച്ചപ്പോള്‍ ഞാന്‍ വീണ്ടും 'പഠനത്തിലേക്ക്' തിരിഞ്ഞു..
"ഏട്ടാ ഒരു കണ്ണ് ഇപ്പോഴും അവളുടെ മേല്‍ ഉണ്ടാകണം"
"അതിനെന്താ.. എന്റെ രണ്ടു കണ്ണുകളും ഞാന്‍ അതിനായി ദാനം ചെയ്തിരിക്കുന്നു"
ഹോ എനിക്ക് വയ്യ.. എന്തൊരു സ്നേഹമുള്ള ഏട്ടന്‍...
മുന്നിലുള്ള പാട്യപുസ്തകത്തിലെ തൃഷയുടെ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി ഇവളെ കണ്ടാല്‍ അവളെ പോലെ ഉണ്ടല്ലോ എന്ന് ഓര്‍ത്തു കൊണ്ടിരുന്ന എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്യിച്ചു കൊണ്ട് ഏട്ടന്‍ പറഞ്ഞു...
"കുട്ടാ വേഗം വാ.. അവള് പുറത്തിറങ്ങി.. എവിടെയോ പോവാനുള്ള ഒരുക്കതിലാന്നു തോന്നുന്നു"
കേട്ട പാതി കേള്‍കാത്ത പാതി കയ്യിലിരുന്ന തൃഷയെ വലിച്ചെറിഞ്ഞു ഞാന്‍ ഓടിച്ചെന്നു..
നല്ല അടിപൊളി ഡ്രസ്സ്‌ ഒക്കെ ഇട്ടു പുറത്തിറങ്ങിയ അവളെ കണ്ടു ഞാന്‍ അറിയാതെ പാടിപോയി
"ആരെയും ഭാവഗായകരാക്കും ആത്മ സൗന്ദര്യമാണ് നീ....  "
എന്റെ മനോഹരമായ പാട്ട് കേട്ടിട്ടാണെന്ന് തോന്നുന്നു അവള്‍ അകത്തേക്ക് ഓടി പോയി..
പിന്നെ കുറച്ചു കഴിഞ്ഞു പുറത്തേക്കു ഇറങ്ങി വന്ന അവളുടെ കൂടെ ഒരു ഭീകരനും ഉണ്ടായിരുന്നു..
ഏട്ടന്‍ പതുകെ പറഞ്ഞു.." കുട്ടാ... എടാ ആ തടിയനെ കണ്ടോ.. നീ പാടീത് മനസിലായിക്കാണോ? അയാള്ടെന്നു ഇടി കിട്ടിയാല്‍ ഒരു സുഖോം ഉണ്ടാവില്യ"
"ഏയ് . മനസിലായി കാണാന്‍ വഴില്യ.. പിന്നെ ഞാന്‍ ഇഷ്ടള്ള പാട്ട് പാടും... ചിലപ്പോ എന്‍റെ പാട്ട് കേട്ടിട്ട് അഭിനന്ദിക്കാനുള്ള വരവാവും"
ധൈര്യത്തോടെ ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്തോ ഒരു ചെറിയ പേടി...എന്തായാലും തല്‍കാലം അയാള് ഞങളെ ഇടിക്കാനൊന്നും വന്നില്ല... അവര് നേരെ പുറത്തേക്കു പോയി... പിന്നെ ഞങള്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല.. കിട്ടിയ ഡ്രെസ്സും ഇട്ടു പെട്ടന്ന് തന്നെ അവരുടെ പുറകെ വെച്ചു പിടിച്ചു.. അവര് ഒരു ഓട്ടോയില്‍ കയറി.. തൊട്ടു പുറകിലത്തെ ഓട്ടോയില്‍ ഞങ്ങളും..
" ചേട്ടാ.. ആ ഒട്ടോടെ പിന്നാലെ പോട്ടെ..."
അയാള്‍ ഞങ്ങളെ ഒന്ന് ഇരുത്തി നോക്കി എവിടുന്നു വരുന്നെടാ ഇവന്മാര് എന്ന മട്ടില്‍.. അവസാനം മുന്നിലെ ഓട്ടോ ഏതോ ഒരു സ്ഥലത്ത് നിര്‍ത്തി. ഞങ്ങളും അവിടെ തന്നെ..
"ചേട്ടാ ഇതേതു സ്ഥലം.. "
"മറൈന്‍ ഡ്രൈവ്.. പിന്നെങ്ങാടു പോവാനാണ് നിങ്ങ കേറീത്?"
മറൈന്‍ ഡ്രൈവിനെ പറ്റി മുമ്പ് കേട്ടിട്ടുള്ള ഏട്ടന്‍ പെട്ടന്ന് പറഞ്ഞു...
"ഓ.. മറൈന്‍ ഡ്രൈവ് അല്ലെ .. ഞങള്‍ ഇങ്ങോട്ട് തന്നെയാ വന്നത്.. "
"കുട്ടാ.. അവന്‍ ഇവടെ അല്ലെ വരാന്നു പറഞ്ഞത്..."
പാവം നിഷ്കളങ്കനായ എനിക്ക് കാര്യം പിടി കിട്ടില്യാ..
"ആര്... എവന്‍.. എപ്പാ.."
"ഓ.. അങ്ങനെ അങ്ങനെ.. അതെ അതെ.. അവന്‍ ഇവിടെ എവിടെയോ ഉണ്ടാവുന്നാ പറഞ്ഞെ..."
എന്തായാലും ഡ്രൈവര്‍ക്ക് കാര്യം പിടികിട്ടി... അയാള് ചോദിച്ചു കാശും കൊടുത്തു ഞങള്‍ വീണ്ടും ദൌത്യം പുനരാരംഭിച്ചു..
"എടാ അവള്‍ടെ കൂടെ ഉള്ള ആള് ഭര്‍ത്താവാണോ"
"ഏയ്.. അത് അവള്‍ടെ ഏട്ടനാ.. അല്ല ഇനി ഭര്‍ത്താവാണെങ്കില്‍ എന്താ പ്രശ്നം.."
"അല്ല വെറുതെ തല്ലു കൊല്ലണ്ടല്ലോ.."
"അതിപ്പോ ഏട്ടനെങ്കിലും കിട്ടും.. "
പക്ഷെ ഞങ്ങള്‍ ഓട്ടോക്കാരനോട് വര്‍ത്താനം പറയുന്നതിന്റെ ഇടക്ക് അവര്‍ എവിടെ പോയിന്നു കണ്ടില്ല. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം.. അവരെ കണ്ടു പിടിച്ചിട്ടു തന്നെ കാര്യം... അവസാനം ഒരു ബോട്ടില്‍ കയറി ഇരിക്കുന്ന അവരെ ഈ ഞാന്‍ കണ്ടു പിടിച്ചു.. ഞാന്‍ കുറച്ചു പുറകിലായിരുന്ന ഏട്ടനെ വിളിച്ചു...
"ഏട്ടാ.. ഓടി വാ.. ഇവിടെണ്ട്.."
പിന്നെ എന്താലോചിക്കാന്‍...  രണ്ടു ടിക്കെറ്റും എടുത്തു നേരെ ബോട്ടില്‍ കേറി.. അവര് ബോട്ടിന്റെ ഒന്നാം നിലയില്‍ കേറി ഇരിപ്പാണ്.. ഒന്നും നോക്കാതെ അവളുടെ നേരെ മുന്നിലുള്ള കസേരയില്‍ ചാടി കേറിയ ഞാന്‍ അടിച്ചു തല്ലി താഴെ വീണു.. നോക്കിയപ്പോള്‍ ഞാന്‍ ആക്രാന്തത്തോടെ ചാടി പിടിച്ച കസേരക്ക് ഒരു കാലില്ല... ഞാന്‍ പതുകെ എഴുന്നേറ്റു.. ചുറ്റും എല്ലാരും എന്നെ നോക്കി ഭയങ്കര ചിരി... ഞാന്‍ ഒന്നും അറിയാത്ത മട്ടില്‍ അടുത്ത കസേരയില്‍ ആസനസ്ഥനായി... പതുക്കെ തലപൊക്കി നോക്കുമ്പോ അവളുണ്ടേ എന്നെ നോക്കി ചിരിക്കുന്നു.. ഞാന്‍ വിട്ടു കൊടുക്കോ.. നല്ല വെളുക്കെ അവളെ നോക്കി ഒരു ചിരി അങ്ങോട്ട്‌ പാസ്സാക്കി... അവള്‍ പതുക്കെ മുഖം തിരിച്ചു പുറത്തേക്കു നോക്കി.. പിന്നേ.. ഇതൊന്ടൊക്കെ ഞാന്‍ തളരോ.. നല്ല കാര്യം..ഞാന്‍ കണ്ണെടുക്കാതെ അവള്‍ടെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പായി..
അവള്‍ ഇടക്കിടക്ക് തിരിഞ്ഞു നോക്കും.. അവളുടെ സൌന്ദര്യത്തില്‍ മതി മറന്നിരുന്ന എന്നെ സൈഡില്‍ ഇരിക്കുന്ന ഏട്ടന്‍ പതുക്കെ തോണ്ടി..
"കുട്ടാ ഒരു മയത്തില്‍ ഒക്കെ നോക്കെടാ. ആ തടിയന്‍ നിന്നെ തന്നെ നോക്കുന്നുണ്ട്.."
"അയാള്‍ നോക്കികൊട്ടെ.. അതിനെനിക്കെന്താ" എന്ന് പറഞ്ഞു ഞാന്‍ പതുക്കെ അവള്‍ടെ കൂടെ ഉള്ള തടിമാടനെ നോക്കി.. അയാള്‍ ഒരു മാതിരി കലിപ്പിച്ചു എന്നെ നോക്കി കൊണ്ടിരിക്കുന്നു.. എന്തായാലും ഞാന്‍ പതുക്കെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ തീരുമാനിച്ചു.. പേടിച്ചിട്ടല്ല... ഒരു ഭയം.. അയാള്‍ എന്നെ എടുത്തു കായലിലേക്ക് വല്ലോം ഇട്ടാലോ... എന്നാലും അവളെ വെറുതെ വിടാന്‍ പറ്റോ.. തടിയന്‍ കാണാതെ അവളെ ഇടയ്ക്ക് നോക്കി ഞാന്‍ സംതൃപ്തി അടഞ്ഞു.. കായല്‍ സൗന്ദര്യം ഒക്കെ ആസ്വദിച്ചു കഴിഞ്ഞു ഞങള്‍ മനസുണ്ടയിട്ടല്ല എന്നാലും പരീക്ഷ കേന്ദ്രം കണ്ടു പിടിക്കാന്‍ പുറപ്പെട്ടു. അതാണല്ലോ പ്രധാന അജണ്ട... ആ പരിപാടി ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോ രാത്രിയായി.. കുറെ നേരം നോക്കിട്ടും ആ പെണ്ണിനെ പുറത്തേക്കൊന്നും കണ്ടില്ല.. ഒന്ന് രണ്ടു തവണ ആ തടിയന്‍ പുറത്തു വരുന്നുണ്ടായിരുന്നു.. പിന്നേ തല്ക്കാലം അന്നത്തെ പരിപാടി അവസാനിപ്പിച്ച്‌ ഞാന്‍ ഉറക്കം ആരംഭിച്ചു..എന്നെ നേരത്തെ വിളിച്ചുണര്‍ത്താന്‍ ഏട്ടനെ ഏല്പിച്ചു.. പാവം ഏട്ടന്‍ രാവിലെ 6 . 30 നു തന്നെ എന്നെ വിളിച്ചുണര്‍ത്തി... നല്ല കണി വല്ലോം കണ്ടിട്ട് പോവാം എന്ന് വിചാരിച്ചു ഞാന്‍ പുറത്തേക്കു നോക്കി ഇരിപ്പായി... കണി കണ്ടത് ആ തടിമാടനെ.. എന്റെ ദൈവമേ.. ഇന്നെത്തെ കാര്യം പോക്കാ.. ഞാന്‍ മനസിലോര്‍ത്തു.. എന്നാലും പ്രതീക്ഷ കൈവിടാതെ ഞാന്‍ അവളെ കാത്തിരുന്നു.. കുറെ കഴിഞ്ഞും പുറത്തേക്കു കാണാതായപ്പോള്‍ ഞാന്‍ അറിയാതെ ഒരു പാട്ട് പാടി പോയി.. "അക്കരെ ഇക്കരെ നിന്നാലെങ്ങനെ...."
ഇടയ്ക്കു തടിയന്‍ വന്നു പുറത്തേക്കു എത്തി നോക്കിട്ടു തിരിച്ചു പോയി.. ഞാന്‍ വിടോ.. ഞാന്‍ പാട്ട് തുടര്‍ന്നു...
"ഡാ... നിന്‍റെ ഒക്കെ ആശ ഞാന്‍ തീര്‍ത്തു താരാട.. കൊറേ നേരായി നീയൊക്കെ തുടങ്ങിട്ട്.. എന്താടാ നിനക്കൊക്കെ വേണ്ടത്.."
കര്‍ണാ കഡോരമായ ശബ്ദം കേട്ട് ഞാന്‍ നോക്കുമ്പോള്‍ ആ തടിയന്‍ ഞങ്ങള്‍ടെ വാതില്കല്‍ നിക്കുന്നു...
"ഏട്ടാ.. തടിയന് മലയാളം അറിയാം.."
"എന്താടാ നിന്റെയൊക്കെ പ്രശ്നം... ഞാന്‍ ഇന്നലെ മുതല്‍ കാണുന്നതാ.. *****മോനെ.. etc"
പിന്നേം അയാള്‍ എന്തൊകെയോ തെറി പറഞ്ഞിട്ട് പോയി..  വെറുതെ ഇടി കൊള്ളണ്ടല്ലോ.. അതോണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.. അറിയഞ്ഞിട്ടല്ല...
"സോറി ചേട്ടാ.. ക്ഷമിക്കു... ഒരു അബദ്ധം പറ്റിയതാ"  പാവം എന്റെ ഏട്ടന്‍ ..
പിന്നേ എല്ലാം പെട്ടന്നായിരുന്നു.. ഞങ്ങള്‍ കുളിച്ചു റെഡി ആയി പരീക്ഷക്ക്‌ പുറപ്പെട്ടു...
"ഏട്ടാ ഇന്നത്തെ ദിവസം ശരിയല്ല... പരീക്ഷക്ക്‌ പോണോ.. നമുക്ക് മീശമാധവന്‍ കാണാന്‍ പോവാ"
"പോടാ അവിടുന്ന്.. പോയി പരീക്ഷ എഴുതെട.."
ഏട്ടന്‍ ശരിക്കും ഏട്ടന്‍ ആയി.. എന്തായാലും പോയി നോക്കാം..
പിന്നേ കിട്ടിയ ബസും പിടിച്ചു ഞങ്ങള്‍ ‍പോയി.. അവിടെ എത്തിയപ്പോള്‍ ആണ് ആ നഗ്ന സത്യം ഞാന്‍ മനസിലാക്കുന്നത്‌...ഹാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല... അതില്ലാതെ പരീക്ഷ എഴുതാനും പറ്റില്ല.. പിന്നെന്തു ചെയ്യും...
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ഏട്ടാ ഇന്നത്തെ ദിവസം ശരിയല്ലന്നു.. പെട്ടന്ന് പോയാല്‍ മീശമാധവന്‍ കണ്ടിട്ട് നേരെ വീട്ടില്‍ പോവാം..പരീക്ഷ എഴുതിന്നു പറഞ്ഞ മതി"
വേറെ വഴിയൊന്നും ഇല്ലാലോ.. അതോണ്ട് ഞങ്ങള്‍ രണ്ടാളും നേരെ തിയെറെരിലേക്ക് വെച്ച് പിടിച്ചു... അവിടെ ചെന്നപ്പോള്‍ അതിനെക്കാള്‍ ഉജ്വലമായിരുന്നു..
വളരെ ചെറിയ ഒരു ജനക്കൂട്ടം... അവിടേം ഗോ ഗോ ഗോവിന്ദ...
ടിക്കറ്റ്‌ കിടില്യ.. പിന്നെന്തു ചെയ്യാന്‍ .. ചുമ്മാ അവിടേം ഇവിടേം കറങ്ങി നടന്നു ഉച്ചവരെ.. പിന്നെ പോയി സ്റ്റാര്‍ ലോഡ്ജിനോട് വിട പറഞ്ഞു... എന്തായാലും ആദ്യത്തെ കൊച്ചി യാത്ര അത്യുജ്വലമാക്കി ഞങ്ങള്‍ തിരിച്ചു പോയി...
"എന്നാലും അവളെ ഒന്നും കൂടെ കാണാന്‍ പറ്റിയില്ലല്ലോ ഏട്ടാ.."
"**&$%***#@$%^.. തല്ലു കിട്ടാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം അപ്പോഴാ അവന്റെ ഒരു ....."  ആ തടിയന്‍ വിളിച്ചതിന്റെ ബാക്കി തെറി ഏട്ടന്റെ വക....
"സന്തോഷമായി ഏട്ടാ സന്തോഷമായി"
വീട്ടില്‍ എത്തിയപ്പോ അമ്മയുടെ വക ഒരു ചോദ്യം.. "എങ്ങനുണ്ടാരുന്നു പരീക്ഷ?"
"നല്ല പ്രയാസം ആയിരുന്നു അമ്മാ.. ചാന്‍സ് ഇല്ല..."
പാവം എന്റെ അമ്മക്കറിയാമോ പുന്നാര മോന്‍ പരീക്ഷയെ എഴുതിയിട്ടില്ലാന്നു.. എന്തായാലും മോന്‍ പോയി ഒരു കുഴപ്പവും ഇല്ലാതെ മടങ്ങി വന്ന സന്തോഷത്തില്‍ പരീക്ഷ പ്രയസയത് അമ്മക്ക് അത്രയ്ക്ക് പ്രയാസം ഉണ്ടാക്കില്ല്യ.. തല്ലു കിട്ടാതെ രക്ഷപ്പെട്ടെങ്കിലും എനിക്ക് അവളെ ഒന്നും കൂടെ കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം ബാക്കിയായി....

3 comments:

  1. NB: ഇത് വായിച്ചു ആരും എന്റെ ഏട്ടന്റെ വീട്ടില്‍ ഒരു കുടുംബ കലഹം ഉണ്ടാക്കരുത് എന്ന് അപേക്ഷിക്കുന്നു...പാവം പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കാന്.. പിന്നെ എന്നെ പറ്റി അപവാദ പ്രചാരണങ്ങള്‍ നടത്തരുത്.. എനിക്ക് പെണ്ണ് കെട്ടാനുള്ളതാ..

    ReplyDelete
  2. poi lodge'il room edukkedeyyy.. kayyil cash'um kidilan bike'um pinne guarantee color'um ille ippam... ini aare peydikkaaan...?!!!

    ReplyDelete